Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

1. ആമുഖം

വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ ജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ എത്തിക്കുന്നതിലും വ്യവസായ, വാണിജ്യ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുമുളള ശ്രമം നമ്മുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ഇ-ഗവേണന്‍സ് പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിലും വിവര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിലും സംസ്ഥാനം എന്നും നല്ല നിലയില്‍ ഇടപെട്ടിട്ടുണ്ട്.

ജനസേവന കേന്ദ്രങ്ങള്‍, സംസ്ഥാന വ്യാപകമായ വിവര വിനിമയ ശൃംഖല, ഡാറ്റാ സെന്ററുകള്‍ എന്നിവ വിജയകരമായി സ്ഥാപിക്കാന്‍ നമുക്ക് കഴിഞ്ഞു. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് നടപ്പിലാക്കിയ അക്ഷയ പദ്ധതി ഒരു സുസ്ഥിര സാമൂഹ്യ സംരംഭക പദ്ധതി എന്ന നിലയ്ക്ക് ലോകത്തിനു തന്നെ മാതൃക ആണ്. കേന്ദീകൃത നിരീക്ഷണത്തില്‍, സംസ്ഥാനം ഒട്ടുക്കും വ്യാപിച്ചു കിടക്കുന്ന അക്ഷയ സെന്ററുകള്‍ വഴി, സുരക്ഷിതവും,

ആധികാരികവും ആയി, ഭദ്രതയോടെ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചു.

രാജ്യത്തെ ആദ്യത്തെ ഐ ടി പാര്‍ക്കും, ആദ്യത്തെ ഇലക്ട്രോണിക് സംരംഭവും തുടങ്ങിയത് കേരളത്തിലാണെങ്കിലും, സോഫ്റ്റ് വെയര്‍ കയറ്റു മതിയിലും ഇലക്ട്രോണിക് വ്യവസായ രംഗത്തും നാം ഇന്ന് പുറകിലാണ്. ഈ രംഗങ്ങളില്‍ മാറ്റം സൃഷ്ടിച്ചു കൊണ്ട് വളര്‍ച്ച ത്വരിതപ്പെടുത്താനും, നൂതന സാങ്കേതിക വിദ്യകളുടെ കാര്യത്തില്‍ ഒരു കുതിച്ചു ചാട്ടം നടത്താനും സംസ്ഥാനത്തിന് സാധിക്കേണ്ടതുണ്ട്.

ഒരു വിജ്ഞാനാധിഷ്ഠിത സമൂഹം എന്ന നിലയില്‍ കേരളത്തെ വാര്‍ത്തെടുക്കാന്‍ ഉള്ള പദ്ധതികള്‍ ആണ് ഈ നയം ലക്ഷ്യമിടുന്നത്.



വീക്ഷണം കേരള ഐടി - സംഗ്രഹം