Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

മുഖ്യമന്ത്രിയുടെ സന്ദേശം


നമ്മുടെ സമ്പദ്ഘടനയെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഐടി മേഖലയെ വളര്‍ച്ചയിലേക്ക് നയിക്കാന്‍ ഉതകുന്ന നയരേഖ ഏറെ സന്തോഷത്തോടെ ഞാന്‍ അവതരിപ്പിക്കുന്നു.

ഡിജിറ്റല്‍ സാങ്കേതികവിദ്യയെ നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ നയം. ഇത് ഉപയോഗിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കാനും, സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും സാധിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക എന്നതും ഇതിന്റെ ഭാഗമാണ്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഡിജിറ്റല്‍ വിഭജനത്തെ മറികടക്കാന്‍ കഴിയുന്ന നിരവധി സാധ്യതകള്‍ കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്.

ഡിജിറ്റല്‍ സങ്കേതങ്ങള്‍ സ്വീകരിക്കുന്നതിനും പ്രയോഗത്തില്‍ വരുത്തുന്നതിനുമുള്ള ശക്തമായ അടിത്തറയും, മനുഷ്യവിഭവശേഷി പശ്ചാത്തലവും കേരളത്തിനുണ്ട്. വിദ്യാസമ്പന്നരായ ജനത, പൊതുവെ മെച്ചപ്പെട്ട ജീവിത നിലവാരം തുടങ്ങിയവ ഇത്തരം സാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നു. ഐടി മേഖലയില്‍ മികച്ച നിക്ഷേപങ്ങള്‍ കൊണ്ട് വരാനും സ്റ്റാര്‍ട്ട് അപ്പ് പദ്ധതിയിലൂടെ യുവ സംരംഭകരെ സൃഷ്ടിക്കാനും അതിനെ ഫലപ്രദമായി ഉപയോഗിച്ച് മുന്നോട്ട് കൊണ്ട് പോകാനും നമുക്ക് കഴിയേണ്ടതുണ്ട്.

ഡിജിറ്റല്‍ സാങ്കേതികവിദ്യ ജനക്ഷേമത്തിന് മാത്രമല്ല ആധുനിക വ്യവസായങ്ങളുടെ ത്വരിതഗതിയിലുളള സാമ്പത്തിക വളര്‍ച്ചയ്ക്കും ഉത്തേജനം നല്‍കും. മൂന്ന് തരത്തില്‍ ഇത് കൊണ്ടുവരാനാകും. ഐടി ഉല്പാദന മേഖലയില്‍ സന്നിവേശിപ്പിക്കുമ്പോള്‍ അതിന്റെ കാര്യക്ഷമത ഉയരുന്നു. രണ്ടാമതായി സര്‍ക്കാര്‍ സേവനങ്ങള്‍ ഫലപ്രദമായി ജനങ്ങള്‍ക്ക് നേരിട്ട് എത്തിക്കുന്നതിന് ഇതിലൂടെ കഴിയുന്നു. മൂന്നാമതായി തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുളള സാധ്യതകള്‍ ഇതിലൂടെ ഉണ്ടാക്കിയെടുക്കാം. സോഫ്റ്റ് വെയര്‍ ഉല്പാദനം, ഹാര്‍ഡ് വെയറുകളുടെ നിര്‍മ്മാണം എന്നിവ ഇവിടെ സാധ്യമാണ്. ഇതിലൂടെ നവകേരള സൃഷ്ടിക്ക് ഉതകുന്ന അടിത്തറ സൃഷ്ടിക്കുക എന്നതും സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നു.

വര്‍ദ്ധിച്ച തോതിലുളള വ്യവസായ വളര്‍ച്ച ഉറപ്പാക്കാനും, സവിശേഷപരവും, സൃഷ്ടിപരവുമായ പദ്ധതികള്‍ നടപ്പിലാക്കാനും, കൂടുതല്‍ കാര്യക്ഷമമായ നിര്‍വ്വഹണ സംവിധാനം സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. പശ്ചാത്തല സൗകര്യ വികസനം, മാനവവിഭവശേഷി വളര്‍ച്ച, വാണിജ്യ വളര്‍ച്ച എന്നീ ഘടകങ്ങള്‍ വിവര സാങ്കേതികവിദ്യയുടെ അര്‍ത്ഥപൂര്‍ണ്ണമായ ഉപയോഗം ത്വരിതപ്പെടുത്തുകയും അവയ്ക്ക് പ്രാമുഖ്യം നല്‍കുകയും ചെയ്യും. ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്സ്, സോഷ്യല്‍ മീഡിയ, മൊബിലിറ്റി, അനലിറ്റിക്സ്, ക്ലൗഡ് അധിഷ്ഠിത സേവനങ്ങള്‍ എന്നിവയുടെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തി നൂതനാശയങ്ങളിലേക്കും അവയുടെ ആവിഷ്ക്കാരത്തിലേക്കും ഈ ചട്ടക്കൂട് വഴിയൊരുക്കും.

90 ശതമാനത്തിലേറെ ജനങ്ങള്‍ ആധാര്‍ പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആധാര്‍ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് കെ.വൈ.സി സംവിധാനം നടപ്പില്‍ വരുത്തുകയും സബ്സിഡികളും ആനുകൂല്യങ്ങളും വിതരണം ചെയ്യാനായി അത് ഉപയോഗിക്കുകയും ചെയ്യും. എന്നാല്‍ ആധാറിന്റെ അഭാവത്തില്‍ ജനങ്ങള്‍ക്ക് മറ്റ് അടിസ്ഥാനരേഖയുടെ പിന്‍ബലത്തില്‍ സേവനങ്ങള്‍ ഉറപ്പാക്കുന്നതാണ്. ആധാര്‍ ഇല്ല എന്ന കാരണത്താല്‍ സര്‍ക്കാരിന്റെ ഒരു സേവനവും നിഷേധിക്കപ്പെടുന്നതല്ല.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ നയരേഖയോടൊപ്പം സര്‍ക്കാര്‍ ഓരോ മേഖലയിലും നടപ്പിലാക്കാനുദ്ദേശിക്കുന്ന ഉപനയങ്ങളുടെ ഒരു ക്രോഡീകരണവും ഇതോടൊപ്പം അവതരിപ്പിക്കുന്നുണ്ട്. പൊതുവായ നയ സമീപനം തുടരുമ്പോഴും അനുഭവങ്ങളുടെ വെളിച്ചത്തില്‍ വര്‍ഷം തോറും ഉപനയങ്ങള്‍ വിലയിരുത്തി കൂടുതല്‍ പ്രസക്തമായ രീതിയില്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

മറ്റൊരു പ്രത്യേകത ഇത് ഒരു കരട് രേഖയായിട്ടാണ് ഈ ഘട്ടത്തില്‍ അവതരിപ്പിക്കുന്നത് എന്നതാണ്. ഇതേക്കുറിച്ച് പൊതുജനങ്ങള്‍ക്കും ഈ മേഖലയിലെ വിദഗ്ദ്ധര്‍ക്കും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പടുത്താന്‍ അവസരമൊരുക്കുകയും അങ്ങനെ ലഭ്യമാകുന്ന പ്രസക്ത നിര്‍ദ്ദേശങ്ങള്‍ അന്തിമ നയത്തില്‍ ഉള്‍പ്പെടുത്താനും ആണ് ഉദ്ദേശിക്കുന്നത്.

ഒരു നവകേരളത്തിന്റെ സൃഷ്ടിക്കായി നമുക്ക് ഒരുമിക്കാം.



വീക്ഷണം